November 1, 2011


കളമശ്ശേരി നിയോജകമണ്ഡലം ചന്ദ്രിക കാമ്പയിന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന് വരിസംഖ്യ നല്‍കി പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ ഉദ്ഘാടനം ചെയ്യുന്നു. പി.ബി. അബ്ദുള്‍ അസീസ്, ഐ.എം. അബ്ദുള്‍ റഹിമാന്‍, എം.പി. അബ്ദുള്‍ ഖാദര്‍ , വി.കെ. അബ്ദുള്‍ അസീസ്, വി.എ. അബ്ദുള്‍ മുത്തലിബ്, എം.പി. അഷറഫ് മൂപ്പന്‍, കെ.കെ. സുലൈമാന്‍, എം.കെ. പവിത്രന്‍, പി.എം. ഹാരീസ്, പി.എ. ഷാജഹാന്‍, എ.കെ.ബഷീര്‍ , പി.കെ. ഇബ്രാഹീം തുടങ്ങിയവര്‍ സമീപം.

വരയ്ക്കാന്‍ എളുപ്പമുള്ളവര്‍ മന്ത്രിമാരാകുന്നതില്‍ സന്തോഷം: യേശുദാസന്‍
(ചന്ദ്രിക, ഒക്ടോബര്‍ 30, 2011)

കളമശ്ശേരി: കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ വരയ്ക്കാന്‍ എളുപ്പമുള്ള മുഖമുള്ളവര്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരുമാകുന്നത് തന്നെ എന്നും സന്തോഷിപ്പിച്ചുണ്ടെന്ന് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍.

കളമശ്ശേരിയില്‍ ചന്ദ്രിക കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.കെ. നായാനാര്‍ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചത് ഇതുകൊണ്ടാണ്. വി.കെ. ഇബ്രാഹിം കുഞ്ഞ് മന്ത്രിയാകണമെന്നും ആഗ്രഹിച്ചു. കാരണം അദ്ദേഹത്തിന്റെ മുഖവും വരയ്ക്കാന്‍ എളുപ്പമാണ്. സദസ്സിലേക്ക് ചിരിയും ചിന്തയും കോറിയിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു. 

കാര്‍ട്ടൂണിലേക്ക് പ്രഭാഷണം കടന്നപ്പോള്‍ അത് മുന്‍ മുഖ്യമന്ത്രി സി.എച്ചിലെത്തി. ഭരണാധികഅരിയെന്ന നിലയില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളിലൂടെ സി.എച്ചിനെ കടന്നാക്രമിക്കുമ്പോഴും അദ്ദേഹവുമായിട്ടുള്ള ബന്ധത്തിന് പോറലേറ്റില്ല. മറിച്ച് ബലപ്പെടുത്തുകയാണ് ചെയ്തത്. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനും കലാകാരന്‍ എന്ന നിലയില്‍ അധികാരം നല്‍കാനും സി.എച്ച് എന്നും തയ്യാറായിരുന്നുവെന്നും തന്നെക്കുറിച്ചുള്ള കാര്‍ട്ടൂണുകള്‍ അദ്ദേഹം കൃത്യമായി സൂക്ഷിച്ചുവച്ചിരുന്നതായും യേശുദാസന്‍ അനുസ്മരിച്ചു.

സി.എച്ചിനെക്കുറിച്ച് ഏറ്റവും കൂടുതല്‍ കാര്‍ട്ടൂണുകള്‍ വരച്ചിട്ടുള്ള പി.കെ. മന്ത്രിയുടെ പേരിലുള്ള അവാര്‍ഡ് ഏറ്റുവാങ്ങിയ ദിവസം ചന്ദ്രികയുടെ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യാനായതില്‍ ഏറെ സന്തോഷമുണ്ട്. സി.എച്ചിന്റെ കാലം കാലം മുതല്‍ താന്‍ ചന്ദ്രികയുടെ വരിക്കാരനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.