ഓര്‍മ്മയില്‍ ആ 'വലിയ കുട്ടി'
(കാര്‍ട്ടൂണിസ്റ്റ് യേശുദാസന്, ദേശാഭിമാനി, ഒക്ടോബര്‍ 23, 2011)
കൊച്ചി: കുട്ടി കാര്‍ട്ടൂണ്‍ രംഗത്തെ നാടന്‍ ശൈലിക്കാരനായിരുന്നു. പഞ്ചതത്രക്കഥകളിലൂടെയും പഴഞ്ചൊല്ലുലളിലൂടെയും പലപ്പോഴും കാര്ട്ടൂണുകള് സൃഷ്ടിക്കാറുണ്ടായിരുന്നു. ചിലരുടെ കാര്ട്ടൂണുകള് മനസ്സിലാക്കാന്‍ എന്‍സൈക്ലോപീഡിയയുടെ സഹായം വേണ്ടിവന്നപ്പോള്‍ തന്റെ നാടന്‍ ഹാസ്യകലാരംഗത്തേക്ക് കുട്ടി നമ്മെ പിടിച്ചുകയറ്റുമായിരുന്നു. സാധാരണക്കാര്‍ക്കുപോലും മനസ്സിലാകുന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ കാര്ട്ടൂണുകള് വളരെ വേഗത്തിലാണ് ഡല്‍ഹിയുടെ ഹൃദയം പിടിച്ചെടുത്തത്.
ഡല്‍ഹി മലയാളികള്‍ക്ക് കുട്ടിയെ ഏറെ പ്രിയമായിരുന്നു. സാംസ്കാരികരംഗത്ത് അദ്ദേഹം ഡല്‍ഹി മലയാളികള്‍ക്ക്വേണ്ടി ചെയ്ത സേവനങ്ങള്‍ മഹത്തരമാണ്. ഡല്‍ഹിയിലെത്തുന്ന കാര്‍ട്ടൂണിസ്റ്റുകളെ വെള്ളവസ്ത്രം ധരിക്കുന്നവരാക്കിമാറ്റുവാന്‍ ശ്രമിച്ചത് കുട്ടിയാണ്. കേരളവര്‍മ്മയും ഒ വി വിജയനും പ്രകാശും ആ പാത പിന്തുശടര്‍ന്നു.
ഹോങ്കോങ്ങിലെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റായിരുന്ന ജാസ് ആയിരുന്നു ഈ കാര്യത്തില്‍ കുട്ടി ഗുരു. തടിച്ച നിബ്ബുള്ള പേനകള്‍ കൊണ്ട് വരയ്ക്കുന്ന ചെറിയ വെള്ളപേപ്പറിലുള്ള അദ്ദേഹത്തിന്റെ കാര്ട്ടൂണുകള് എല്ലാം തന്നെ രാഷ്ട്രീയനേതാക്കളുടെ മനസ്സിലെ മാന്തിക്കീറുമായിരുന്നു. ഡല്‍ഹിയിലെത്തുന്ന പുതിയ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് അദ്ദേഹം എപ്പോഴും കൊച്ചു ഗുരുവായിരുന്നു.
1963ല്‍ ശങ്കേഴ്സ് വീക്കിലിയില്‍ ഞാന്‍ ചേര്‍ന്നപ്പോള്‍ ഉപദേശിക്കാനും സഹായിക്കാനുമായി ഡ്രോയിംഗ് ബോര്‍ഡിന്റെ പിന്നിലെത്തുന്ന കുട്ടിയെ ഇന്നും സ്നേഹത്തോടെ ഓര്‍ക്കുന്നു. പൊക്കം കുറഞ്ഞ കാര്‍ട്ടൂണിസ്റ്റായ കുട്ടി പൊക്കം കുറഞ്ഞ എന്നെ നോക്കി മുമ്പ് പറയുമായിരുന്നു: "കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് അത്ര വലിയ പൊക്കം പാടില്ല". ആരെ ഉദ്ദേശിച്ചാണ് അദ്ദേഹം ഇത് പറഞ്ഞതെന്ന് എനിക്കറിയില്ല. ആ വലിയ 'കുട്ടി'യുടെ മധുരിക്കുന്ന ഓര്‍മ്മകള്‍ക്ക്മുന്നില്‍ ഞാന്‍ തലകുനിക്കുന്നു.