തകഴി ശിവശങ്കരപ്പിള്ളയെന്ന പച്ചമനുഷ്യനോടൊപ്പം പങ്കിട്ട ഓർമ്മകൾ പങ്കിട്ട അനുഭവങ്ങൾ ഓർത്തെടുത്ത അദ്ദേഹത്തിന്റെ സമകാലികരും കുടുംബാംഗളും തിരിച്ചുനടന്നു. തകഴിയുടെ നൂറാം ജന്മദിനത്തിൽ ശങ്കരമംഗലം തറവാട്ടുമുറ്റത്തായിരുന്നു കുടുംബസംഗമം.
കാർട്ടൂണിസ്റ്റ് യേശുദാസൻ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. തകഴി സ്മാരക സമിതി ചെയർമാൻ പ്രൊഫ. തകഴി ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. തകഴിയുടെ മക്കളായ രാധമ്മ, ഡോ. എസ്. ബാലകൃഷ്ണൻ നായർ, ജാനമ്മ, ഓമന, കനകം, മരുമക്കളായ ഡോ. ഗോപിനാഥൻ നായർ, പ്രൊഫ. ജയശ്രി, കുടുംബാംഗളായ ഡോ. രേഷ്മ, അംശുതോഷ് മിശ്ര എന്നിവരും പ്രൊഫ. പി.ആർ ദാസ്, ആശ്രമം ചെല്ലപ്പൻ, കാർത്തികേയൻ നായർ, പരമേശ്വരൻ നായർ, ശ്രീധരക്കുറുപ്പാശാൻ, ഗ്രിഗറി, ദേവദാസ് തുടങ്ങിയവരും പങ്കെടുത്തു. തകഴിയുടെ കുടുംബാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.
ഓസ്ട്രേലിയയിലുള്ള തകഴിയുടെ ചെറുമകൻ ഡോ. രാജ് നായർ അപ്പൂപ്പനെക്കുറിച്ചെഴുതുയ ഓർമ്മക്കുറിപ്പ് അഡ്വ. ആർ. സനൽകുമാർ വായിച്ചു. ഡോ. രാജ് നായരുടെ 'കാഴ്ച വസ്തുക്കൾ' എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും ഉണ്ടായിരുന്നു. തകഴിയുടെ പിറന്നാൾ സദ്യയും നടന്നു. വി.എം. സുധീരനാണ് ആദ്യം സദ്യ വിളമ്പിയത്. തകഴിക്കൊപ്പം ചെലവഴിച്ച അനുഭവങ്ങൾ അവിസ്മരണീയമാണെന്ന് അദ്ദേഹം പറഞ്ഞു.
(മാതൃഭൂമി, 2012 ഏപ്രിൽ 18)