April 10, 2012

ജമീല മമ്മിഹാജിയുടെ ചിത്രപ്രദര്‍ശനം


ചിത്രകാരി ജമീല മമ്മിഹാജിയുടെ പെയിന്റിംഗുകളുടെ സി.ഡി കാർട്ടൂണിസ്റ്റ്  യേശുദാസന് നൽകിക്കൊണ്ട്  സി.എൻ. കരുണാകരൻ പ്രകാശനം നിർവ്വഹിക്കുന്നു.

കൊച്ചി: 
നന്മ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ജമീല മമ്മിഹാജിയുടെ ചിത്രപ്രദര്‍ശനം 'നിറചാര്‍ത്ത്' ഏപ്രില്‍ പതിനൊന്നു മുതല്‍ പതിനഞ്ചു വരെ ദര്‍ബാര്‍ ഹാള്‍ ആര്‍ട് ഗ്യാലറിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അറുപത്തഞ്ചുകാരിയായ ഈ വീട്ടമ്മയുടെ മൂന്നാമത്തെ ചിത്രപ്രദര്‍ശനമാണിത്. ചിത്രകല അഭ്യസിച്ചിട്ടില്ലാത്ത ഇവരുടെ മുന്നൂറോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ജമീല മമ്മിഹാജിയുടെ ഇരുപത്തിയഞ്ചു ചിത്രങ്ങളടങ്ങിയ സിഡി കാര്‍ട്ടൂണിസ്റ്റ് യേശുദാസന് നല്‍കി ചിത്രകാരന്‍ സി.എ. കരുണാകരന്‍ പ്രകാശനം ചെയ്തു.

പ്രകൃതിയെ മറന്ന് ഒരു കലാകാരനും ഊര്‍ജ്ജം സംഭരിക്കാന്‍ കഴിയില്ലെന്നും ജമീല മമ്മിഹാജിയുടെ ചിത്രങ്ങള്‍ പ്രകൃതിയെ ആധാരമാക്കിയുള്ളതാണെന്നും സി.എ. കരുണാകരന്‍ പറഞ്ഞു.

പ്രകൃതി നഷടപ്പെട്ടുകൊണ്ടിരിക്കേ അതേക്കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് ജമീലയുടെ ചിത്രങ്ങളോരോന്നുമെന്ന് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ പറഞ്ഞു.