April 9, 2012

ക്രിസോസ്റ്റം തിരുമേനിയും യേശുദാസനും ( 2012 മാര്‍ച്ച് 19)


ക്രിസോസ്റ്റം തിരുമേനിയും ഒന്നിച്ച് കാര്‍ട്ടൂണിസ്റ്റ് യേശുദാസനും പത്നി മേഴ്സിയും

തനിക്ക് അടുത്തറിയാവുന്നവരും അകലെ നില്‍ക്കുന്നവരുമായ നൂറ് വ്യക്തികളെക്കുറിച്ച് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ വലിയ മെത്രോപ്പോലീത്ത ഒരു ഗ്രന്ഥം തയ്യാറാക്കുന്നു. കോഴഞ്ചേരിയില്‍ പമ്പയുടെ തീരത്തുള്ള തിരുമേനിയുടെ അരമനയിലേക്ക് ഓരോരുത്തരേയും തിരുമേനി ക്ഷണിക്കുന്നു - കണ്ടതും കേട്ടതും കേള്‍ക്കാനിരിക്കുന്നതുമായ എല്ലാ കാര്യങ്ങളും സംസാരിക്കുന്നു - ചില നിമിഷങ്ങളില്‍ ചര്‍ച്ച വിവാദമായും മാറുന്നു - അവസാനം വിവാദം ചെന്നെത്തുന്നത് തിരുമേനിയുടെ നര്‍മ്മം കലര്‍ന്ന വിവാദരസഗുളികളിലേക്കും.

തിരുമേനിയുടെ അരമനയിലേക്ക് ഒരു ദിവസം വരാന്‍ കഴിയുമോയെന്ന് എന്നോട് ചോദിച്ചത് പത്തനംതിട്ട-റാന്നി മേഖലയിലെ യുവനേതാവായ റോഷന്‍ റോയ് മാത്യു ആയിരുന്നു. തിരുമേനി അല്പം തമാശ പറഞ്ഞാലും ഊറിച്ചിരിക്കാതെ നില്‍ക്കുന്ന റോഷന്‍,  ക്രിസോസ്റ്റം തിരുമേനിയുടെ കാവല്‍ഭടനാണ്. ഈ കൂടിക്കാഴ്ചയെപ്പറ്റി റോഷന്‍ പറഞ്ഞപ്പോള്‍ സന്തോഷത്തിന്റെ പടികള്‍ എന്റെ മുമ്പിലെത്തി.

ദിവസവും സമയവും നിശ്ചയിച്ചു. 2012 മാര്‍ച്ച് 19ന് 12 മണിക്ക്. എന്നോടൊപ്പം ഈ യാത്രയില്‍ എന്റെ ഭാര്യയും ഉണ്ടായിരുന്നു. തമാശക്കാരന്‍ തിരുമേനിയുടെ വിരലില്‍ ഉരുണ്ട മോതിരമുണ്ടെങ്കില്‍ ആ മോതിരത്തില്‍ മുത്താന്‍ കൊതി - കൃത്യ സമയത്തു തന്നെ ഞങ്ങളെത്തി. വഴി കാണിച്ചു തരാന്‍ മാരാമണിലെ ഒരു പെട്രോള്‍ പമ്പിനു മുമ്പിലായി ഒരു സുഹൃത്തിനെ റോഷന്‍ നിയോഗിച്ചിരുന്നു.

അരമനയിലെത്തിയപ്പോള്‍ അവിടെ ചെറിയൊരു ആള്‍ക്കൂട്ടം - പരിചയമില്ലാത്തവരായിരുന്നു - ഓരോരുത്തരേയും റോഷന്‍ പരിചയപ്പെടുത്തി - എല്ലാം പത്രപ്രവര്‍ത്തകര്‍. കോഴഞ്ചേരി പ്രസ് ക്ലബ് അംഗങ്ങളായ പത്രപ്രവര്‍ത്തകര്‍. തലേ ദിവസത്തെ പത്രങ്ങളില്‍ ഈ കൂടിക്കാഴ്ചയെപ്പറ്റിയുള്ള വാര്‍ത്ത വന്നിരുന്നു. 


മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് തിരുമേനിയും ഞാനും പന്തളത്തിനു സമീപം കുളനടയില്‍ വച്ച് കേരളത്തിന്റെ ജനകീയ കാര്‍ട്ടൂണിസ്റ്റായിരുന്ന പി.കെ. മന്ത്രി അനുസ്മരണച്ചടങ്ങില്‍ വച്ചാണ് കണ്ട് മുട്ടിയത്. ചടങ്ങിന്റെ ഉത്ഘാടകന്‍ തിരുവഞ്ചൂര്‍ ആയിരുന്നു. യോഗം തുടങ്ങുന്നതിനും ഭാരവാഹികള്‍ എത്തുന്നതിന് മുമ്പായി സ്റ്റേജിനു മുമ്പിലിരുന്ന നിലവിളക്ക് കൊളുത്തിയ ശേഷം കോട്ടയത്തിനു പാഞ്ഞു മുഖ്യാതിഥി ക്രിസ്റ്റോം തിരുമേനി - മുഖ്യപ്രഭാഷണം എന്റെ വകയും. അരമനയില്‍ വെച്ച് കണ്ടപ്പോള്‍ തിരുമേനിയുടെ മുഖത്ത് നോക്കാന്‍ ഇത്തിരി പ്രയാസം എനിക്കുണ്ടായി. പി.കെ. മന്ത്രി അനുസ്മരണത്തിനിടയില്‍ മന്ത്രിയുടെ കാര്‍ട്ടൂണുകളിലും പ്രവര്‍ത്തനങ്ങളിലും ഇത്തിരി അശ്ലീലം കടന്നുകയറാറുണ്ടായിരുന്നതിനെപ്പറ്റി ഞാന്‍ വിവരിച്ചപ്പോള്‍ പറയേണ്ടത് പറയേണ്ടിവന്നു - തിരുമേനി കുലുങ്ങിച്ചിരിച്ചപ്പോള്‍ അന്ന് ആശ്വാസം തോന്നിയെങ്കിലും കോഴഞ്ചേരിയിലെ അരമനയില്‍ എത്തിയപ്പോള്‍ പഴയ പ്രസംഗം ഓര്‍ത്ത് പരുങ്ങാതിരുന്നില്ല.

ഈ പുസ്തകത്തിനു വേണ്ടി സുകുമാര്‍ അഴിക്കോടും ക്രിസ്റ്റോം തിരുമേനിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലെ ചൂടേറിയ സംഭാഷണങ്ങള്‍ വിവാദമായി മാറിയത് കേട്ടിട്ടുണ്ട്. എന്നാല്‍ തിരുമേനിയും ഞാനും തമ്മില്‍ നടന്നത് ശാന്തമായ വിവാദമായിരുന്നു. ഞാന്‍ എത്തിയ ദിവസം ഇ.എം.എസിന്റെ ചരമദിവസമായിരുന്നു. ഞാന്‍ വരച്ച് റിക്കാര്‍ഡ് സ്ഥാപിച്ച ഇ.എം.എസിന്റെ മുഖം കാര്‍ട്ടൂണിസ്റ്റ് ജിതേഷ്‌ കൊണ്ടുവന്ന ബോര്‍ഡില്‍ വരച്ച് ചടങ്ങ് ആരംഭിച്ചു. ഇ.എം.എസിന്റെ തലക്ക് ഉച്ചിയില്‍ വരകളിലൂടെ താഴ്ചയുണ്ടാക്കിയത് യേശുദാസനാണെന്നും ഇപ്പോള്‍ കേരളത്തിലെ കാര്‍ട്ടൂണിസ്റ്റുകളും തലയിലെ കുഴി അതേപടി അനുകരിക്കുകയാണന്നും കാര്‍ട്ടൂണിസ്റ്റും അഡ്വക്കേറ്റുമായ ജിതേഷ് ഒരു നിയമക്കുരുക്ക് ഉന്നയിക്കുകയും ചെയ്തു.

മുല്ലപ്പെരിയാര്‍ വിഷയം, നദീജലസം‌യോജനം മൂലം അരമനയുടെ മുമ്പിലൂടെ ഒഴുകുന്ന പമ്പയും അച്ചന്‍‌കോവിലാറും വറ്റുവരളുന്ന സ്ഥിതി, അവസാനത്തെ അത്താഴവുമായി ബന്ധ്പ്പെടുത്തിയുള്ള സി.പി.എമ്മിന്റെ പോസ്റ്റര്‍ സംഭവം, മലയാള മനോരമയില്‍ ദു:ഖവെള്ളിയാഴ്ച വന്ന വി.പി. സിംഗിന്റെ അവസാനത്തെ അത്താഴം എന്ന കാര്‍ട്ടൂണ്‍, കാര്‍ട്ടൂണിസ്റ്റിന് വരക്കാനുള്ള സ്വാതന്ത്ര്യം, കേരളത്തിന്റെ പ്രിയപ്പെട്ട കാര്‍ട്ടൂണിസ്റ്റുകളായിരുന്ന കെ.എസ്. പിള്ള, ഗഫൂര്‍, പി.കെ. മന്ത്രി, അബു ഏബ്രഹാം, ഒ.വി. വിജയന്‍ തുടങ്ങിയവരെപ്പറ്റിയുള്ള ഓര്‍മ്മകള്‍, മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നെഹ്രുവിന്റെ ഉറ്റസുഹൃത്തായിരുന്ന കായംകുളംകാരന്‍ ശ്ങ്കര്‍, കാര്‍ട്ടൂണിസ്റ്റും കാത്തോലിക്കാ പുരോഹിതനുമായിരുന്ന ഫാ. നിക്കോളാസിന്റെ 120 ഭാഷകളിലായി പ്രസിദ്ധീകരിച്ച ബ്രദര്‍ ജൂനിപ്പര്‍ എന്ന കഥാപാത്രം... ലീഡര്‍ കരുണാകരന്‍ വരച്ച രണ്ട് പെയിന്റിംഗുകള്‍ സാംസ്കാരികവകുപ്പും കേരള ലളിതകലാ അക്കാദമിയും ചേര്‍ന്ന് ഒരു തിരുവല്ലാക്കാരന് അഞ്ചു ലക്ഷത്തിന്‌ ലേലം ചെയ്ത് കൊടുത്തത്, ലേലത്തിപിടിച്ച വ്യക്തിയെ തനിക്കറിയാമെന്നുള്ള തിരുമേനിയുടെ മറുപടി, കൂടുതല്‍ വിലക്ക് കച്ചവടം ചെയ്തേക്കും എന്ന തിരുമേനിയുടെ അഭിപ്രായം, അക്കാദമിയുടെ ഏതെങ്കിലും ഗ്യാലറിയുടെ ഒരു ഭാഗത്തിന് കരുണാകരന്‍ ഗ്യാലറി എന്ന്‌ പേര് നല്‍കിയ ശേഷം അവിടെ പെയിന്റിംഗുകള്‍ സൂക്ഷിക്കുക എന്ന നിര്‍ദ്ദേശം... ഇവയിലൂടെ ചര്‍ച്ചകള്‍ മുന്നോട്ട് പോയി. പന്തളംകാരനായ പി.കെ. മന്ത്രിയും തിരുവല്ലക്കാരനായ അബു ഏബ്രഹാമിനെപ്പറ്റിയും പറഞ്ഞുപോയപ്പോഴാണ് തിരുമേനിയുടെ മനസ്സില്‍ പുതിയൊരു ആശയം രൂപം കൊണ്ടത് - കാര്‍ട്ടൂണിസ്റ്റുകളും കലാകാരന്മാരുമായി ഏറെപ്പേര്‍ ഈ ചുറ്റുപാടുമുണ്ട്. നമുക്ക് മാരാമണില്‍ വെച്ച് ഒരു സംഗമം നടത്തിയാലോ? ഈ വര്‍ഷം തന്നെ." തിരുമേനിയുടെ അഭിപ്രായത്തോട് ഞങ്ങളും യോജിക്കുകയുണ്ടായി.

ഇതിനിടയില്‍ ഈ ചര്‍ച്ചയില്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജിനെ വലിച്ചിഴച്ച് കൊണ്ടുവരാന്‍ ശ്രമിച്ചു. ജഗതി ശ്രീകുമാര്‍ ജോര്‍ജ്ജിന്റെ മകന്റെ ഭാര്യാപിതാവാണ്. ഈ സ്ഥിതിയില്‍ പിറവത്തും നെയ്യാറ്റിങ്കരയിലും ഓടിനടന്ന് കലാപം ഉണ്ടാക്കുന്നതിനിടയില്‍ ജഗതിയുടെ ആരോഗ്യത്തിന് വേണ്ടി പി.സി. ജോര്‍ജ് അല്പം സമയം പ്രാര്‍ത്ഥനക്കായി കണ്ടത്തേണ്ടതല്ലേയെന്ന് ഞാന്‍ ചോദിച്ചെങ്കിലും തിരുമേനി ആ ചോദ്യം ശ്രദ്ധിച്ചില്ല. വിവാദവിഷയത്തില്‍ തൊടാന്‍ തിരുമേനി ആഗ്രഹിച്ചില്ല എന്നതാണോയെന്നും അറിയില്ല.

ഇത് എഴുതിക്കൊണ്ടിരിക്കുന്നതിനിടയില്‍ എന്റെ ഇടതുവശത്തിരുന്ന് ശബ്ദിക്കുന്ന ടെലിവിഷനിലേക്ക് ഞാന്‍ നോക്കി. റിപ്പോര്‍ട്ടര്‍ ചാനലില്‍ ചലച്ചിത്ര പുരസ്കാരങ്ങളുടെ വിതരണം നടക്കുന്നു. ആദ്യ ഐറ്റം 'ലൈഫ് ടൈം അചീവ്മെന്റ് അവാര്‍ഡ്' പിന്നണി ഗായകന്‍ യേശുദാസിന് വിതരണം ചെയ്യാനുള്ള ഒരുക്കം. വേദിയിലെത്തിയ യേശുദാസിന്റെ സമീപം എം.ടി. വാസുദേവന്‍ നായരും നില്‍ക്കുന്നു. പെട്ടെന്ന് ദാസ് വലതുകൈ പൊക്കി ഇടതുകവിളില്‍ തടകി, ചെറുതായി മാന്തി. വീണ്ടും ഒരു കൈ ഉയര്‍ന്നു. അതേ സ്ഥിതി ആവര്‍ത്തിച്ചു.

ദാസേട്ടാ, ഇനി ഏറെ കറുപ്പ് ആ താടിയിലും മുടിയിലും വാരിത്തേക്കാതിരിക്കുക. ആപത്താണ്. അലര്‍ജിയുണ്ടാക്കും. പ്രായമാകുമ്പോള്‍ ജഗദീശ്വരന്‍ തരുന്ന നരയെ വണങ്ങുക.






കാര്‍ട്ടൂണിസ്റ്റ് ജിതേഷും യേശുദാസനും ക്രിസോസ്റ്റം തിരുമേനിയോടൊപ്പം.