March 5, 2014

എഴുത്ത്: സാനു വൈ ദാസ്

മദ്രാസ്‌ - അനുഭവം , യാത്ര ,ഓര്‍മകള്‍ ...........!!

 ലേഖനം എഴുതാന്‍ കാരണം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ  “ശബ്ദരേഖ “ എന്ന കുറിപ്പാണ്. മലയാള മനോരമയില്‍  എല്ലാ വെള്ളിയാഴ്ചകളിലും അവര്‍ എഴുതുന്ന കുറിപ്പ്. ഇന്നത്തെ ലേഖനം  കോടമ്പാക്കത്തെ “ മുളക്കാത്ത മിത്തുകള്‍  “ എന്ന തലക്കെട്ടില്‍ 40വര്‍ഷമായി സിനിമയില്‍ ഒന്ന് തലകാണിക്കാന്‍ കാത്തു ജീവിക്കുന്ന നിര്‍ഭാഗ്യവാനായ മനുഷ്യനെ പറ്റി ഉള്ള കുറിപ്പാണ്

               “മുളക്കാത്ത മിത്തുകള്‍  “

കോടമ്പാക്കത്തു വിജയിച്ചവര്‍ ഈ നഗരത്തെ സ്വര്‍ഗമെന്നു വിളിക്കുന്നു. പരാജയപ്പെട്ടവര്‍ നരകമെന്നു വിളിച്ചാലും ജീവിച്ചു തീര്‍ത്തേ പറ്റൂ എന്ന ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ആണു ഈ കുറിപ്പിന് കാരണമായത്‌.

ലേഖനം വായിച്ചപ്പോള്‍ മനസ്സ് 35 വര്‍ഷം പുറകോട്ടു സഞ്ചരിച്ചു .12 വയസ്സുള്ളപ്പോള്‍ രണ്ട് അംബാസിഡര്‍കാറുകളില്‍ കൊച്ചിയിലെ കലൂരുള്ള വീട്ടില്‍ നിന്ന് , രാത്രി അന്നത്തെ മദ്രാസ്‌ എന്ന സ്വപ്ന നഗരത്തിലേക്ക് ഒരു യാത്ര .

ഏര്‍ളി നിര്‍മിച്ചു മദനോത്സവം , രാസലീല , തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങള്‍  സമ്മാനിച്ച ശ്രീ . എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത ചുവന്ന ചിറകുകള്‍ എന്ന ചിത്രത്തിന്‍റെ ഗാന ചിത്രീകരണത്തിനായി.

ഒരു കാറില്‍ ഞാനും , സഹോദരങ്ങളും  പപ്പ ( കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍  ) യും , മമ്മയും  നിര്‍മാതാവ് ഏര്‍ളിയും .മറ്റേ കാറില്‍ ഈരാളിയുടെ സഹോദരന്‍ മോനായി , സുഹൃത്ത്‌ , (പേര് ഓര്‍മയില്ല ), പിന്നെ മലയാള സിനിമയ്ക്കു സമ്മാനിക്കാന്‍ ഒരു പുതിയ സംഗീത സംവിധായകന്‍

  പേര് – ജെറി അമല്‍ദേവ്.

എ.സി. ഇല്ലാത്ത , രണ്ടു അംബാസിഡര്‍ കാറില്‍ രാത്രി  യാത്ര തിരിച്ച ഞങ്ങള്‍ മദ്രാസില്‍ പിറ്റേന്ന് എത്തുന്നു .മദ്രാസില്‍ ശിവാജി ഗണേശന്‍റെ  ശാന്തി തീയറ്ററും വലിയ കട്ട്‌ ഔട്ട്‌ ഉം ഒക്കെ കണ്ടപ്പോള്‍ ഞെട്ടി തരിച്ചിരുന്നു. അന്നത്തെ വലിയ കെട്ടിടമായ എല്‍.ഐ .സി .ബില്‍ഡിംഗ്‌ ഉം മറീന ബീച്ച് ഉം ഒക്കെ ഒരു പുതിയ അനുഭവമായി. രഞ്ജിത്ത് ഹോട്ടലില്‍ രണ്ടു മുറിയില്‍ താമസം.


ജീവിതത്തില്‍ ആദ്യമായി 12 വയസ്സില്‍ ഒരു ഗാന ചിത്രീകരണം  കാണാനുള്ള ആവേശത്തില്‍ എങ്ങനെയോ നേരം വെളുപ്പിച്ചു.

പിറ്റേന്ന് ദാസേട്ടന്‍റെ തരംഗിണി സ്റ്റുഡിയോവിലെത്തുന്നു .

മനസ്സില്‍ ആരാധിച്ച വാണി ജയറാമിനെ ആദ്യമായി കാണുന്നു ,ഒപ്പം ഫോട്ടോ എടുക്കുന്നു. ജെറി അമല്‍ദേവ് എന്ന തുടക്കക്കാരന്‍റെ   (മലയാളത്തിന്‍റെ ) ആദ്യ ഗാനം വാണി ജയറാം പാടുന്നു.

ചൊല്ല്  ചൊല്ല് തുമ്പി ......ചൊല്ല്  ചൊല്ല് തുമ്പി ...................

ശങ്കരന്‍ നായരെയും   ക്യാമറമാന്‍ ജെ. വില്ല്യംസിനെയും പത്രപ്രവര്‍ത്തകരായ കല്ലട വാസുദേവനേയും  ഒക്കെ കണ്ട സന്തോഷം.

പിറ്റേന്ന് പി. ജയചന്ദ്രന്‍റെ  ഊഴമായി . ജെറി രണ്ടാമത്തെ ഗാനം ഈണം നല്‍കുന്നു......................”മുറുക്കാതെ മണി ചുണ്ട് ചുവന്ന തത്തേ ..........” പിറ്റേന്നു ദാസേട്ടന്‍റെ ഗാനത്തിന് ജെറി ട്രാക്ക് പാടുന്നു. അമേരിക്കയിലേക്ക് മടങ്ങാനുള്ള തിരക്കിലാണ് ജെറി .

ഉറ്റ സുഹൃത്തായ ശങ്കരന്‍ നായരെ കാണാന്‍ തരംഗിണിയിലെത്തിയ സലില്‍ ചൌധരിയെ തൊട്ടടുത്ത്‌ കാണാനുള്ള ഭാഗ്യം എനിക്കു 12 വയസ്സില്‍ ലഭിച്ചു.പൈപ്പ് വലിച്ചു സംസാരിക്കുന്ന സംഗീത ചക്രവര്‍ത്തിയുടെ മുഖം ഇന്നും മനസ്സില്‍ നില്‍ക്കുന്നു
.
പിറ്റേന്നു കുറേ ഓര്‍മകളുമായി ഞങ്ങള്‍ കൊച്ചിയിലേക്ക് മടങ്ങുന്നു.

മദ്രാസിന്‍റെയും ,  രഞ്ജിത്ത് ഹോട്ടലിന്‍റെയും , തരംഗിണി സ്റ്റുഡിയോയുടെയും കട്ട്‌ ഔട്ടുകളുടെയും സലില്‍ ചൌധരിയുടെയും ശങ്കരന്‍ നായരുടേയും , കാവ്യാത്മകമായ ചുവന്ന ചിറകുകളുടെയും  ഒക്കെ പാട്ടുകളും മനസ്സില്‍ കുറേ നാളുകള്‍ തങ്ങിക്കിടന്നു , വിട്ടുപോകാതെ

മുകളില്‍ എഴുതിയത് യാത്രാ ഓര്‍മ ....................ഇനി അനുഭവം .

ചുവന്ന ചിറകുകള്‍ക്ക് ഒരുപാട് ദുര്‍ഗതികള്‍ നേരിടേണ്ടി വന്നു.ചിത്രത്തിന്‍റെ പേര് ആദ്യം നിശ്ചയിച്ചത് 26 രാജവീഥി ....പിന്നീട് മമത എന്നാക്കി.സിനിമാഭ്രാന്തനായ വീട്ടിലെ ഡ്രൈവര്‍ ജോയ് ഞങ്ങളുടെ കാറിന്‍റെ മഡ് ഫ്ലാപ്പില്‍ മമത എന്നെഴുതിയത് പപ്പ തുടച്ചു മാറ്റിച്ചത് ഇന്നും ഓര്‍ക്കുന്നു.

ചുവന്ന ചിറകുകളിലെ ഗാനങ്ങള്‍ക്കും ഉണ്ടായി ദുരന്തം .ചിത്രത്തിന്‍റെ ഗാന ചിത്രീകരണത്തില്‍ പൂജാദീപം എന്‍റെ  സഹോദരന്‍ തെളിച്ചപ്പോള്‍ ഒന്ന് കെട്ടപ്പോള്‍ ഞങ്ങളുടെ നെഞ്ച് ഒന്ന് പിടച്ചു.ജെറിയുടെ മനോഹരങ്ങളായ നാല് ആദ്യ   ഗാനങ്ങളും തുടച്ചു മാറ്റി.പകരം അന്ന് പൈപ്പ് വലിച്ചു നിന്ന സലില്‍ ചൌധരിയുടെ ഈണത്തില്‍ നാലു ഗാനങ്ങള്‍.

പറന്നു പോയ്‌ നീ അകലെ.

ഭൂമി നന്ദിനി 

യാമിനി തേടി  യാമിനി  

നീയൊരോമല്‍ കാവ്യ പുഷ്പം പോലേ..........

തുടങ്ങി നാല് ഗാനങ്ങളും ഹിറ്റ്‌.

ജെറിയുടെ ഗാനങ്ങള്‍ ആയുസ്സറ്റു.

വര്‍ഷങ്ങള്‍ക്കു ശേഷം പുന്നാരം ചൊല്ലി ചൊല്ലി എന്ന ചിത്രത്തില്‍ 

 ചൊല്ല് ചൊല്ല് തുമ്പി ......അത്തപ്പൂ നുള്ളി.....തൃത്താപ്പൂ 


നുള്ളി............എന്ന ഈണത്തില്‍ തിരിച്ചു വന്നു.

ജെറി അമല്‍ദേവ് വീണ്ടും അമേരിക്കയിലേക്ക്‌

വര്‍ഷങ്ങള്‍ക്കു ശേഷം നവോദയയുടെ പരീക്ഷണ ചിത്രമായ  മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ പരസ്യം .............മലയാളത്തിനൊരു പുതിയ സംഗീത സംവിധായകന്‍ - ജെറി അമല്‍ദേവ് .

മിഴിയോരം നനഞ്ഞോഴുകും തുടങ്ങിയ മനോഹര ഗാനങ്ങളുമായി ജെറി അമല്‍ദേവ് ഒരിക്കല്‍ നഷ്ട്ടപ്പെട്ട ഇടം തിരിച്ചു പിടിച്ചു .

ടെലിവിഷനില്‍ ജെറിയുടെ അഭിമുഖങ്ങള്‍ വരുമ്പോള്‍ ഞാന്‍ എന്നും കാതോര്‍ക്കും ചുവന്ന ചിറകുകളെ പറ്റി പരാമര്‍ശിക്കുമേന്നോര്‍ത്ത്. പക്ഷേ അദ്ദേഹം ആദ്യ ചിത്രമായി പറയാറുള്ളത് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍.

അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടില്‍ അത് സത്യമായിരിക്കാം.

ഷര്‍മിള ടാഗോര്‍ നായികയായി അഭിനയിച്ചിട്ടു പോലും ചുവന്ന ചിറകുകള്‍ക്ക് പറക്കാനായില്ല.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ വിരിഞ്ഞു വിരിഞ്ഞു ആകാശത്തോളമെത്തി. 

മലയാള സിനിമയുടെ ചരിത്രം കുറിച്ചെഴുതി ഫാസില്‍ . ലാല്‍, പൂര്‍ണിമ , ശങ്കര്‍ , ജെറി , തുടങ്ങി ഒരുപാടുപേരെ നമുക്ക് സമ്മാനിച്ചു .

വിജയങ്ങള്‍ക്ക് മാത്രമേ ആര്‍പ്പു വിളികളുള്ളു. പരാജയങ്ങള്‍ കൂക്കി വിളികളായി അവസാനിക്കും.

ഭാഗ്യലക്ഷ്മി എഴുതിയതു പോലെ .....

കോടമ്പാക്കത്തു വിജയിക്കുന്നവര്‍ ഈ നഗരത്തെ  സ്വര്‍ഗമെന്നു വിളിക്കും.

പരാജയപ്പെട്ടവര്‍ നരകമെന്നു വിളിച്ചാലും ജീവിച്ചു തീര്‍ത്തല്ലെ  പറ്റൂ .
സിനിമയില്‍ മാത്രമല്ല ജീവിത്തിന്‍റെ ഏതു മേഖലയിലും പരാജയപ്പെട്ടു നരകിക്കുന്നവര്‍ വെറുതേ ജീവിച്ചു തീര്‍ക്കുകയല്ലേ ???????
വര്‍ഷങ്ങള്‍ 35 കഴിഞ്ഞു .............................

ജീവിതയാത്രക്കിടയില്‍ ഞാന്‍ വീണ്ടും പഴയ മദ്രാസില്‍ എത്തി.

ചുവന്ന ചിറകുകള്‍ക്ക് ശേഷം അന്തിവെയിലിലെ പൊന്ന് , നദി മുതല്‍ നദി വരെ , ചങ്ങാത്തം , പാവം പൂര്‍ണിമ , അര്‍ച്ചന ആരാധന , ദൈവത്തെയോര്‍ത്ത്‌ ,ഒരു പൈങ്കിളിക്കഥ , അഥര്‍വം , തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങള്‍ നിര്‍മിച്ച ഏര്‍ളി ചെന്നൈയുടെ തിരക്കുകളില്‍ നിന്ന് അകന്ന്, കേരളത്തിലേക്ക് കൂടുമാറി.

മലയാള സിനിമയിലെ കുതികാല്‍ വെട്ടുകള്‍ക്ക് നിന്ന് കൊടുക്കാതെ ജെറി കൊച്ചിയിലെ ചോയ്സ് സ്കൂളില്‍ സംഗീത വിഭാഗം തലവനായി ഒതുങ്ങിക്കൂടി .

മദനോത്സവവും, രാസലീലയും, വിഷ്ണു വിജയവും , സമ്മാനിച്ച ശങ്കരന്‍ നായര്‍ 2005 ഡിസംബര്‍ 18 നു ലോകം വെടിയുമ്പോള്‍ സിനിമാക്കാര്‍ മറവിരോഗം അഭിനയിച്ചു മാറിനിന്നു.

ചുവന്ന ചിറകുകളിലെ നായകന്മാര്‍......സോമനും , ജയനും , ഇന്നില്ല....ഷര്‍മിള ടാഗോര്‍ പിന്നെ മലയാളക്കരയില്‍ എത്തിയില്ല.


ഇതാണ് സിനിമയെന്ന മായിക പ്രപഞ്ചം .

മുളക്കാതെപോയ എത്രയോ  മിത്തുകള്‍.......................!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

Sanu Y Das

No comments: